ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): 2,000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തീരുമാനത്തിന് ശേഷം, നോട്ടുകൾ മാറുന്നതിന് ആളുകൾ ഇപ്പോൾ ഒരു പ്രത്യേക ഫോം പൂരിപ്പിച്ച് തിരിച്ചറിയൽ രേഖ കാണിക്കേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നു. ഈ അവകാശവാദത്തോടൊപ്പം കൈമാറ്റം ചെയ്യാനുള്ള സ്ലിപ്പിന്റെ പകർപ്പും വൈറലായിരിക്കുകയാണ്.
വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. 2000 രൂപ നോട്ടുകൾ മാറുന്നതിന് ആളുകൾ തിരിച്ചറിയൽ കാർഡുകൾ കാണിക്കുകയോ ഫോമുകൾ പൂരിപ്പിക്കുകയോ വേണ്ടതില്ലെന്ന് ആർബിഐ ഞായറാഴ്ച വ്യക്തമാക്കി. 2000 രൂപ നോട്ടുകൾ മാറുന്നതിന് സ്ലിപ്പ് നിർബന്ധമാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉടൻ പ്രാബല്യത്തിൽ വരുന്നവിധം ആ നിർദ്ദേശം പിൻവലിച്ചു.
വൈറലായ പോസ്റ്റ് (ആർക്കൈവ് ലിങ്ക്) പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താവായ ‘എംഡി സക്കറിയ ഖാൻ’ എഴുതി, “അതിനാൽ സഹോദരീ സഹോദരന്മാരേ, ഫോം എത്തി, അത് പൂരിപ്പിക്കുന്നതിന് നിങ്ങൾ ബാങ്കുകൾക്ക് പുറത്ത് വരിയിൽ നിൽക്കേണ്ടിവരും.”
സമാനമായ അവകാശവാദങ്ങൾക്കൊപ്പം മറ്റ് നിരവധി ഉപയോക്താക്കളും ഇതേ ഫോം പങ്കിട്ടു. പല ഉപയോക്താക്കളും ഈ അവകാശവാദം ട്വിറ്ററിൽ പങ്കുവെക്കുന്നുണ്ട്.
മെയ് 19 ന് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം, പ്രചാരത്തിൽ നിന്ന് പിൻവലിച്ചാലും ഈ നോട്ടുകൾ സാധുവായിരിക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു.
‘ക്ലീൻ നോട്ട് പോളിസി’ പ്രകാരം 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചു. വിജ്ഞാപനമനുസരിച്ച്, “ആളുകൾക്ക് 2,000 രൂപ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം അല്ലെങ്കിൽ സാധാരണ നടപടിക്രമം അനുസരിച്ച് ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് നോട്ടുകൾക്കായി മാറ്റാം. നോട്ടുകൾ നിക്ഷേപിക്കുന്ന പ്രക്രിയ ഒരു സാധാരണ പ്രക്രിയയായിരിക്കും, ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാകില്ല. ഈ മുഴുവൻ പ്രക്രിയയും നിലവിലുള്ളതും മറ്റ് സാധുതയുള്ളതുമായ നിയമപരമായ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും.
ആർബിഐ വിജ്ഞാപനമനുസരിച്ച്, “2023 മെയ് 23 മുതൽ, ബാങ്കുകളുടെ സാധാരണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും പ്രവർത്തന സൗകര്യത്തിനുമായി 2,000 രൂപ മുതൽ 20,000 രൂപ വരെയുള്ള നോട്ടുകൾ ഒരേസമയം മാറ്റാം.” ബാങ്കുകളിലും ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും ഈ നോട്ടുകൾ മാറ്റാനുള്ള സൗകര്യം ലഭ്യമാകും.
വൈറലായ പോസ്റ്റിലെ അവകാശവാദം സംബന്ധിച്ച് അറിയാനായി വിശ്വാസ് ന്യൂസ് ആർബിഐ വക്താവിനെ ബന്ധപ്പെട്ടു. 2,000 രൂപ നോട്ടുകൾ മാറ്റുന്നതിന് ഒരു പ്രത്യേക ഫോം (വിനിമയത്തിനുള്ള സ്ലിപ്പ്) പൂരിപ്പിച്ച് ഒരു തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഐഡി പ്രൂഫോ തിരിച്ചറിയൽ കാർഡോ ഹാജരാക്കേണ്ടതില്ല. ഇത് സാധാരണ രീതിയിൽ നിക്ഷേപിക്കാം അല്ലെങ്കിൽ മറ്റ് നോട്ടുകൾക്കായി മാറ്റാം”, വക്താവ് വെളിപ്പെടുത്തി.
2000 രൂപ നോട്ടുകൾ മാറ്റാൻ ഫോമോ ഐഡി കാർഡോ ആവശ്യമില്ലെന്ന് എസ്ബിഐയെ ഉദ്ധരിച്ച് നിരവധി റിപ്പോർട്ടുകൾ വാർത്താ സെർച്ചുകളിൽ ഞങ്ങൾ കണ്ടെത്തി. വാർത്താ ഏജൻസിയായ എഎൻഐയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐ തീരുമാനത്തിന് ശേഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2023 മെയ് 19 ന് പുറപ്പെടുവിച്ച ഇ-സർക്കുലറിന്റെ അനുബന്ധം III-ൽ, 2,000 രൂപ നോട്ടുകൾ മാറ്റുന്നതിന് തിരിച്ചറിയൽ രേഖ ആവശ്യമാകുമെന്ന് പറഞ്ഞു. ‘ദി ഹിന്ദു’വിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മെയ് 21 ന് എസ്ബിഐ ഈ തീരുമാനം പിൻവലിച്ചു. ബാങ്ക് ശാഖകൾക്ക് നൽകിയ കത്തിൽ പറയുന്നു, “വിനിമയത്തിനായി ഒരു തിരിച്ചറിയൽ കാർഡും നൽകേണ്ടതില്ല… അതിനാൽ മെയ് 19-ലെ ഇ-സർക്കുലറിൽ അടങ്ങിയിരിക്കുന്ന അനുബന്ധം ഉടനടി പ്രാബല്യത്തിൽ വരുംവിധം പിൻവലിച്ചിരിക്കുന്നു.”
RBI വെബ്‌സൈറ്റിൽ, എല്ലാ ബാങ്കുകളുടെയും ചെയർമാൻ/മാനേജിംഗ് ഡയറക്ടർമാർക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും അയച്ച മെയ് 22-ലെ ഒരു അറിയിപ്പ് ഞങ്ങൾ കണ്ടെത്തി, അതിൽ പറയുന്നു, “2023 മെയ് 19 ലെ സർക്കുലർ പ്രകാരം എല്ലാ കൗണ്ടറുകളിലും 2000 രൂപ ഒരു പൊതു നടപടിക്രമമെന്ന നിലയിൽ നിക്ഷേപിക്കാവുന്നതാണ്.. മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ ഇന്ത്യൻ രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
ഇതോടൊപ്പം, 2000 രൂപ നോട്ടുകൾ സാധുവായി തുടരുമെന്നതിനാൽ ബാങ്കിലേക്ക് നോട്ടുകൾ മാറ്റുന്നതിനായി തിരക്കുകൂട്ടി ചെല്ലേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
നോട്ട് അസാധുവാക്കലിന് ശേഷം 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്റെ ഉദ്ദേശ്യം പൂർത്തീകരിച്ചുവെന്നും ഇപ്പോൾ ബാങ്കിംഗ് സംവിധാനത്തിൽ മറ്റ് മൂല്യമുള്ള നോട്ടുകൾ ആവശ്യത്തിന് ഉണ്ടെന്നും ദാസ് പറഞ്ഞു. അതേസമയം, 2000 രൂപ നോട്ടിന്റെ പ്രചാരവും കുറയുകയും അത് 6.73 ലക്ഷം കോടിയിൽ നിന്ന് 3.62 ലക്ഷം കോടിയാകുകയും ചെയ്തു. മാത്രമല്ല, ഈ നോട്ടിന്റെ അച്ചടിയും നിർത്തിയിരിക്കുകയാണ്.
വ്യാജ അവകാശവാദവുമായി വൈറലായ പോസ്റ്റ് പങ്കുവെച്ച ഉപയോക്താവിന് ഫേസ്ബുക്കിൽ 7,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ട്.. 2000 രൂപ നോട്ടുകൾ ഉൾപ്പെടെയുള്ള മറ്റ് ബാങ്ക് നോട്ടുകളുമായി ബന്ധപ്പെട്ട വൈറൽ അവകാശവാദങ്ങളെപ്പറ്റിയുള്ള അന്വേഷണത്തെക്കുറിച്ച് വിശ്വാസ് ന്യൂസിന്റെ വസ്തുതാ പരിശോധന റിപ്പോർട്ടുകൾ ഇവിടെ വായിക്കാം.
നിഗമനം: 2000 രൂപ നോട്ട് മാറ്റാൻ ആളുകൾ ഒരു പ്രത്യേക ഫോറം പൂരിപ്പിക്കുകയും തിരിച്ചറിയൽ തെളിവ് കാണിക്കുകയും വേണം എന്ന അവകാശവാദങ്ങൾ വ്യാജം 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതിന് ശേഷം അത് മാറുന്നതിന് ഏതെങ്കിലും ഫോറം പൂരിപ്പിക്കുകയോ തിരിച്ചറിയൽ രേഖ ഹാജരാക്കുകയോ ചെയ്യേണ്ടതില്ല.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923